International
ഹവാന: വിശുദ്ധവാരത്തോടനുബന്ധിച്ച് ക്യൂബയിൽ 51 തടവുപുള്ളികളെ മോചിപ്പിക്കാന്‍ തീരുമാനം.
സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട വ്യക്തികളുടെ പുനരവലോകനത്തിനും മോചനത്തിനുമായി ക്യൂബൻ ഭരണകൂടവുമായി വത്തിക്കാന്‍ നടത്തിയ ചര്‍ച്ചയാണു ഫലം കണ്ടത്.
ക്യൂബയും അമേരിക്കയും തമ്മില്‍ ജനുവരിയിൽ ആരംഭിച്ച സംഘർഷങ്ങളുടെയും ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ വത്തിക്കാൻ ഉദ്യോഗസ്ഥരുമായി നടത്തിയ സമീപകാല കൂടിക്കാഴ്ചകളുടെയും ഇടയിലാണ് പ്രഖ്യാപനം വരുന്നത്.
നേരത്തേ ഫ്രാൻസിസ് മാർപാപ്പയുടെ മധ്യസ്ഥതയെത്തുടർന്ന് നിരവധി തടവുകാരെ ക്യൂബൻ ഭരണകൂടം മോചിപ്പിച്ചിരുന്നു.
Kerala
കണ്ണൂർ: മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന് ആരോപിച്ച് അറസ്റ്റിലായ കെഎസ്യു പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകുന്നേരം നാലിന് പുറത്തിറങ്ങിയ പ്രവർത്തകർക്കായി ഗംഭീര സ്വീകരണം ഒരുക്കിയിരുന്നു.
വധശ്രമം അടക്കം ഒമ്പത് വകുപ്പുകള്‍ ചുമത്തിയ കേസില്‍ നിര്‍ണായക തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ പോലീസിന് സാധിച്ചിരുന്നില്ല. മന്ത്രിയെ ആയുധം ഉപയോഗിച്ച് ആക്രമിച്ചിട്ടില്ലെന്ന് സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും മൊഴി നല്‍കിയിരുന്നു.
കോൺഗ്രസ് പ്രവർത്തകരെ മനപൂർവം താറടിച്ചുകാണിക്കാനുള്ള ശ്രമമാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ജാമ്യത്തിലിറങ്ങിയ പ്രവർത്തകർ ആരോപിച്ചു. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി.അതുല്‍,അക്ഷയ് മാട്ടൂല്‍, ബിതുല്‍ ബാലന്, സി.എച്ച്.മുബാസ്, അഹമ്മദ് യാസീന്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം നല്‍കിയത്.
എല്ലാ തിങ്കളാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകണം. ജാമ്യ കാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് എന്നീ വ്യവസ്ഥകളോടെ അമ്പതിനായിരം രൂപയുടെ രണ്ട് ആള് ജാമ്യത്തിലാണ് അഞ്ചുപേരെയും വിട്ടയച്ചത്.
Kerala
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത (ഡിഎ) കുടിശികയും പെൻഷൻകാരുടെ ക്ഷാമാശ്വാസ (ഡിആർ) കുടിശികയും അനുവദിച്ചു കൊണ്ടു സർക്കാർ ഉത്തരവിറങ്ങി.
2026-27 സാന്പത്തിക വർഷം മുതൽ എട്ടു ഗഡുക്കളായി കുടിശിക വിതരണം ചെയ്യുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.
കുടിശിക വിതരണം ചെയ്യുന്നതു സംബന്ധിച്ച വിശദമായ ഉത്തരവ് പിന്നാലെ ഇറക്കുമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്.
Kerala
തലശേരി: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും പെട്ടെന്ന് പുറത്തുവിടണമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നിലപാടുകൾ തിരുത്തണമെന്നും കെസിവൈഎം വാർഷിക സെനറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
തലശേരി അതിരൂപതയുടെ ആതിഥേയത്വത്തിൽ രണ്ടു ദിവസങ്ങളിലായി സാൻജോസ് മെട്രോപൊളിറ്റൻ സ്കൂളിൽ നടന്ന കെസിവൈഎം 48-ാം സംസ്ഥാന വാർഷിക സെനറ്റ് സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.
ജനാധിപത്യം ഒരു സംവിധാനം മാത്രമല്ല, അതൊരു സംസ്കാരമാണെന്ന് സ്പീക്കർ പറഞ്ഞു. യുവജനങ്ങൾ ചർച്ച ചെയ്യുകയും ചിന്തിക്കുകയും ഉത്തരവാദിത്വത്തോടെ പ്രതികരിക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം ശക്തമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യാതിഥിയായിരുന്നു. സഭയും സമൂഹവും നേരിടുന്ന സമകാലീന വെല്ലുവിളികളെ യുവത്വം ജാഗ്രതയോടെ അഭിമുഖീകരിക്കണമെന്ന് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിൽ അധ്യക്ഷത വഹിച്ചു. കേരളത്തിലെ 32 രൂപതകളിൽ നിന്നുള്ള കെസിവൈഎം നേതാക്കൾ സെനറ്റിൽ പങ്കെടുത്തു. സംസ്ഥാന വാർഷിക റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു.
യുവജന കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ് ഡോ. ഡെന്നിസ് കുറുപ്പശേരിൽ സംസ്ഥാന യൂത്ത് അസംബ്ലിയുടെ റിപ്പോർട്ട് പ്രസിഡന്റ് എബിൻ കണിവയലിൽനിന്ന് ഏറ്റുവാങ്ങി. യുവജന പ്രസ്ഥാനങ്ങൾ ആത്മീയതയോടൊപ്പം സാമൂഹിക ബോധവും വളർത്തണമെന്നും സഭാസമൂഹത്തിൽ ഒരു പ്രകാശകേന്ദ്രമാകാൻ യുവജനങ്ങൾ മുന്നോട്ടുവരണമെന്നും ബിഷപ് ഡോ. കുറുപ്പശേരി പറഞ്ഞു.
വിദ്യാഭ്യാസം, തൊഴിൽ, ലഹരി സംസ്കാരം, വിദേശ കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. സമാപന സമ്മേളനം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ മുഖ്യാതിഥിയായിരുന്നു.
പുതിയ ഭാരവാഹികൾ: ഷിബിൻ ഷാജി (മാവേലിക്കര രൂപത)-പ്രസിഡന്റ്, കാസി പൂപ്പന (കൊച്ചി രൂപത)- ജനറൽ സെക്രട്ടറി, ആഗി മരിയ (താമരശേരി രൂപത), സാം സണ്ണി (ഇടുക്കി രൂപത)- വൈസ് പ്രസിഡന്റുമാർ, ജോയൽ ജോൺ (ചങ്ങനാശേരി അതിരൂപത), സെഞ്ജു ജേക്കബ് (പാലാ രൂപത), ധന്യ മോഹൻരാജ് (വിജയപുരം രൂപത), പിൻസി പീറ്റർ (മൂവാറ്റുപുഴ രൂപത)- സെക്രട്ടറിമാർ, ജെൻസൻ ആൽബി (കോട്ടപ്പുറം രൂപത)- ട്രഷറർ.
Kerala
കൊച്ചി: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് (കെപിപിഎച്ച്എ) വജ്രജൂബിലി സംസ്ഥാനസമ്മേളനം ഏപ്രില്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ കോഴിക്കോട്ട് നടക്കും. ഇതിന്റെ പ്രചാരണാര്‍ഥം തയാറാക്കിയ പോസ്റ്ററുകളുടെ പ്രകാശനം എറണാകുളം അധ്യാപകഭവനില്‍ നടന്നു.
സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍, എം.ഐ. അജികുമാര്‍, സി.എഫ്. റോബിന്, കെ.പി. വേണുഗോപാലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: എസ്ഐടി കസ്റ്റഡിയിലെടുത്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തേയും ഡ്രൈവറേയും വിട്ടയച്ചു. പേഴ്സണൽ സ്റ്റാഫ് അംഗം ഫസൽ അബ്ബാസിനെയും ഡ്രൈവർ ആൽവിനെയുമാണ് വെള്ളിയാഴ്ച വിട്ടയച്ചത്.
വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത ഇവരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് കാണിച്ച് ഡിജിപിക്ക് പരാതി ലഭിച്ചിരുന്നു. ഫസൽ അബ്ബാസിന്റെ സഹോദരിയാണ് ഡിജിപിക്ക് പരാതി നൽകിയത്. സഹോദരനെ കണ്ടെത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയതിൽ സഹോദരന് യാതൊരു പങ്കുമില്ല.
നിയമവിരുദ്ധമായാണ് പോലീസ് കസ്റ്റഡി. പോലീസ് മേധാവി അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പിഎയേയും ഡ്രൈവറേയും അന്വേഷണ സംഘം വിട്ടയച്ചത്. ഒളിവിൽ കഴിയുന്ന രാഹുലിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.
അതേസമയം രാഹുൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ അപേക്ഷ തള്ളിയതിനെ തുടർന്നാണ് രാഹുലിന്റെ പുതിയ നീക്കം.
Kerala
ന്യൂഡൽഹി: പ്രത്യേക സമഗ്ര പരിശോധനയ്ക്ക് ശേഷം ബിഹാറിലെ അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം 7.42 കോടി വോട്ടർമാരാണ് അന്തിമ വോട്ടർപട്ടികയിലുള്ളത്.
ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ 7.24 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. 7.89 കോടി വോട്ടർമാരായിരുന്നു ജൂൺ മാസത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 65 ലക്ഷം പേരെ ഒഴിവാക്കിയ ശേഷമായിരുന്നു ഓഗസ്റ്റിൽ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്.
പുതിയ കണക്ക് പ്രകാരം 21.53 ലക്ഷം വോട്ടർമാരെയാണ് അധികം ചേർത്തിരിക്കുന്നത്. ഓഗസ്റ്റിൽ ആദ്യം പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ നിന്ന് 3.66 ലക്ഷം പേരെ ഒഴിവാക്കിയിട്ടുണ്ട്. എസ്ഐആറിന് മുമ്പുള്ള വോട്ടർപട്ടികയിൽ നിന്ന് 48 ലക്ഷം പേരെ ഒഴിവാക്കി.
കരട് പട്ടികയിലെ കടുംവെട്ടിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ആധാർ കൂടി തിരിച്ചറിയൽ രേഖയായി അംഗീകരിക്കണമെന്ന സുപ്രീംകോടതി നിർദേശത്തിന് പിന്നാലെയാണ് കൂടുതൽ വോട്ടർമാരെ അന്തിമ പട്ടികയിൽ കമ്മീഷൻ ഉൾപ്പെടുത്തിയത്.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഒക്ടോബര്‍ നാല്, അഞ്ച് തീയതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പറ്റ്ന സന്ദര്‍ശിക്കും. അടുത്ത ആഴ്ചയോടെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.